2011 ജനുവരി 16, ഞായറാഴ്‌ച

സൃഷ്ടിക്കാം നമുക്കൊരു വിപ്ലവം
     വിപ്ലവത്തിന്റെ അര്‍ഥം സമൂല മാറ്റമാണ്. നിലവിലുള്ള വ്യവസ്ഥിതികളും സംവിധാനങ്ങളും പാടെ പിഴുതെറിഞ്ഞു കൊണ്ട് തികച്ചും നൂതനമായ സംവിധാനങ്ങള്‍ വിപ്ലവങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്നു. പഴമയില്‍ നിന്നും പുതുമയിലേക്കുള്ള ഒരു കുതിച്ചുചാട്ടമാണ് വിപ്ലവം.
     നമ്മുടെ സമൂഹത്തിലെ തൊഴില്‍രഹിതരായ യുവതിയുവാക്കളുടെ പ്രധാന പ്രശ്നം തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും, മാനസിക പിരിമുറുക്കങ്ങളും അനിശ്ചിതത്വങ്ങളും ആണ്. ഭാവിയില്‍ എന്ത് സംഭവിക്കും എന്നറിയാതെ ഏതു മേഖലയിലേക്ക് തിരിയണം എന്നറിയാതെ പലരും വിഷമിക്കുന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ട്, ഭാവി ഒരു ചോദ്യചിഹ്നമായി കാണുന്നവരും കുറവല്ല. വിജയിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ വളരെ കുറവാണ്.
     സത്യത്തില്‍ യാഥാര്‍ത്യങ്ങളെ കണ്ടെത്താതെ, സ്വന്തം ശേഷിയും കഴിവും തിരിച്ചറിയാതെ, സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന അത്യപൂര്‍വ അവസരങ്ങള്‍ മനസ്സിലാക്കാതെ സ്വന്തം ചിന്തകളിലും, സങ്കല്‍പങ്ങളിലും സംശയങ്ങളിലും കുരുങ്ങിക്കിടക്കുന്നതിനാലാണ് ഇത്തരം അവസ്ഥ സൃഷ്ടിക്കപ്പെടുന്നത്.
     ഏറ്റവും സുപ്രധാനം യാഥാര്‍ത്യങ്ങള്‍ തിരിച്ചറിയുക എന്നതാണ്. അതിന് ആദ്യം കണ്ടെത്തേണ്ടത്‌ നിങ്ങളെ തന്നെയാണ്. നിങ്ങളുടെ യഥാര്‍ത്ഥ ശേഷിയും കഴിവും തിരിച്ചറിയുക. ഒന്ന് തിരിഞ്ഞു നോക്കൂ! ഓര്‍മ്മ വെച്ച കാലം മുതല്‍ നിങ്ങള്‍ പഠന കളരിയില്‍ ഇറങ്ങിയതല്ലേ? നിരന്തരമായ പഠനം വഴി നിങ്ങള്‍ നേടിയ കഴിവും ശേഷിയും, യുക്തിയും, ബോധവും നിങ്ങളില്‍ ഉറങ്ങിക്കിടന്നു. സമൂഹമായ പഠനശാലയില്‍ നിന്നും ലഭിച്ച അറിവ്, അതിനുപരിയായി, ഈ ലോകത്ത് നിലനില്‍ക്കാനുള്ള കഴിവ് നിങ്ങളില്‍ വളര്‍ത്തിയിരിക്കുന്നു. എത്രയോ തന്മയതത്തോട് കൂടിയാണ് ജീവിതത്തിലെ കൊച്ചുകൊച്ചു പ്രശ്നങ്ങളെ നിങ്ങള്‍ തരണം ചെയ്യുന്നത്. അതെ തിരിച്ചറിയുക... നിങ്ങള്‍ കഴിവുള്ളവരാണ്. നിങ്ങള്‍ ശക്തരാണ്. നിങ്ങള്‍ ആര്‍ജിച്ച വിഭവശേഷി അമൂല്യമാണ്‌.
     കുടുംബത്തെ നയിക്കാനുള്ള, ഒരു സമൂഹത്തെ സേവിക്കാനുള്ള, ഒരു ജനതയെ നയിക്കാനുള്ള കര്‍മ്മശേഷി നിങ്ങളില്‍ ഒളിഞ്ഞിരിക്കുന്നു. നിങ്ങളിലെ ശക്തിയെ തിരിച്ചറിയുക. നിങ്ങളിലെ കഴിവുകളെ ഉണര്‍ത്തുക. നിങ്ങളിലെ അര്‍പ്പണബോധത്തെ തട്ടി ഉണര്‍ത്തുക. നിങ്ങളിലെ കര്‍മ്മശേഷിയെ പ്രബലമാക്കുക. നിങ്ങളിലെ നിശ്ചയധാര്‍ത്യത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കുക, നിങ്ങളുടെ ആവേശത്തിന്റെ പരിധികള്‍ തകര്‍ക്കുക. വിലമതിക്കാന്‍ കഴിയാത്ത വിഭവശേഷിയുടെ ഉടമയാണ് നിങ്ങള്‍ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ നിങ്ങള്‍ക്കും സാധ്യമാണ്. നിങ്ങള്‍ ലക്‌ഷ്യം കാണുന്ന എന്തും നേടാനുള്ള ശക്തിയും കഴിവും നിങ്ങളില്‍ തന്നെ കുടിയിരിക്കുന്നു. ഈ ശക്തിയും കഴിവിനെയും പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ ആയാല്‍ സൃഷ്ടിക്കപ്പെടുന്നത് വിപ്ലവമാണ്. ജീവിതത്തിന്റെ ഗതിവിഗതികളില്‍, പരിധികളില്ലാത്ത വിജയത്തിലേക്ക് നയിക്കാന്‍ അവസരം സൃഷ്ടിക്കപ്പെടുന്ന വിപ്ലവം. ജീവിതത്തില്‍ ഒരു സമൂലമായ മാറ്റത്തിന് സമയമായി എന്ന് തോന്നുന്നെങ്കില്‍ ഇതാണവസരം.സൃഷ്ടിക്കുക വിപ്ലവം!
(എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഈ കുറിപ്പ് തയ്യാറാക്കിയത് പ്രിയപ്പെട്ട രാജീവ് സാര്‍.)